അമുൽ മാതൃക’യുമായി ‘ഫാംഫെഡ്’
കൊച്ചി: കാർഷിക രംഗത്ത് പ്രവർത്തിക്കുന്ന സഹകരണ സംരംഭമായ ‘സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ ‘ഫാംഫെഡ്’ എന്ന ബ്രാൻഡിൽ വിവിധയിനം കറിപ്പൊടികൾ വിപണിയിലെത്തിച്ചു.
സാമ്പാർ പൊടി, ചിക്കൻ മസാല, മീറ്റ് മസാല, ഫിഷ് മസാല, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ബജി മസാല എന്നീ ഉത്പന്നങ്ങളാണ് വിപണിയിലിറക്കിയത്. ചലച്ചിത്ര താരം നവ്യാ നായർ വിപണനോദ്ഘാടനം നിർവഹിച്ചു.
പാലക്കാട് കോഴിപ്പാറയിലെ കിൻഫ്ര മെഗാ ഫുഡ് പാർക്കിൽ ഫാംഫെഡിന്റെ ആധുനിക നിർമാണ യൂണിറ്റിലാണ് ഉത്പാദനം. പ്രതിദിനം ആറ് ടണ്ണാണ് ഉത്പാദന ശേഷി.
നേരിട്ട് വിപണനം നടത്തി കർഷകർക്ക് ശരിയായ വില നൽകാനും ഇടനിലക്കാരെടുക്കുന്ന ലാഭം ഒഴിവാക്കി പരമാവധി താഴ്ന്ന വിലയ്ക്ക് ഉപഭോക്താക്കൾക്ക് ഉത്പന്നമെത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻ പിള്ള പറഞ്ഞു.
വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് എം.ഡി. അഖിൻ ഫ്രാൻസിസ്, വൈസ് ചെയർമാൻ അനൂപ് തോമസ് എന്നിവർ അറിയിച്ചു.